ഡോ. അരവിന്ദ് രഘുനാഥൻ
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിറഞ്ഞുനിൽക്കുന്ന ഈ കൂട്ടായ്മയിൽ കയറി നടത്തത്തിന്റെ വ്യായാമഗുണങ്ങളെപ്പറ്റി പറയുന്നതിൽ ഒരു ഔചിത്യക്കുറവില്ലേ? ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആണ് ഏറ്റവും അലമ്പ് രോഗികൾ എന്നൊക്കെ അർത്ഥം വരുന്ന പ്രയോഗങ്ങൾ ഉണ്ടെങ്കിലും (ഉദാ: Doctors make the worst patients)! എമിനെൻസ് ക്ലബ് ഒരു കൂട്ടനടത്തം സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോഴും, വ്യായാമത്തെക്കാളുപരി, സുഹൃത്തുക്കളോടൊപ്പം കത്തി വച്ച് നടക്കാമല്ലോ എന്ന് കരുതി തന്നെയാണ് വാട്സാപ്പിൽ പേരിട്ടത്.
നാട്ടിലായിരുന്നപ്പോൾ, ജോലി കഴിഞ്ഞു വന്ന് എങ്ങനെയെങ്കിലും ആ വരയൻ കൈലിയുടുത്ത് നടക്കാൻ ഇറങ്ങുന്നതിന്റെ സുഖം, ഹോ! ആ ശീലം ഇവിടെയും നടപ്പിലാക്കാൻ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കിലും വെറുതെ എന്തിനാണ് ഇവിടത്തുകാർക്ക് ഒരു കൾച്ചറൽ ഷോക്ക് കൊടുക്കുന്നത് എന്ന് വിചാരിച്ചിട്ട്, സാദാ വേഷത്തിൽ തന്നെയാണ് ഇറങ്ങിയത്. എന്തെങ്കിലും ഒന്ന് മറക്കുക എന്ന പതിവ് തെറ്റിച്ചില്ല, കണ്ണ് മഞ്ഞളിച്ചപ്പോ മനസ്സിലായി സൺഗ്ലാസ് എടുത്തിട്ടില്ലെന്ന്. കെൽറ്റിക് ക്രെസെന്റ് മുതൽ മീറ്റിംഗ് പോയിന്റ് എന്ന് പറഞ്ഞ ഹോളി ട്രിനിറ്റി പള്ളി വരെ നീണ്ടു നിൽക്കുന്ന നടത്തത്തിലൂടെ മികച്ച വാം അപ്പൊക്കെയെടുത്ത ഞാനും ലക്ഷ്മിയും ഡോർചെസ്റ്റർ മലയാളികൾക്ക് ഒരു മാതൃകയായി.


പ്രതീക്ഷകൾ തെറ്റിക്കാതെ, മിക്കവാറും എല്ലാരും വൈകി തന്നെ എത്തി! ഓരോ തവണ ഒത്തുകൂടുമ്പോഴും പുതിയ മുഖങ്ങൾ പരിചയക്കാരാകുന്നത് പ്രവാസത്തിന്റെ രസമാണ്, ഇത്തവണയും അങ്ങനെ തന്നെ. അഞ്ജനയുടെ ഭർത്താവായ ഡ്രൂ- നെ പലരും ലേശം സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. സ്വർണ തലമുടിയുള്ള പയ്യൻ കൂട്ടം തെറ്റി നമ്മുടെ കൂട്ടത്തിൽ കയറിയതല്ല എന്ന് ഞാൻ പലർക്കും പറഞ്ഞു കൊടുത്തു. എന്റെ തള്ളിമറിക്കലുകൾ ശ്രദ്ധയോടെ കേട്ട് സ്ഥിരം വേട്ടമൃഗമാവുന്നതിനു ആ പാവത്തിന് ഞാൻ എന്തേലും പ്രത്യുപകാരം ചെയ്യേണ്ടേ?
വൊളന്റിയർമാർക്ക് ഫ്ലൂറസെന്റ് ജാക്കറ്റൊക്കെ എടുക്കുന്നത് കണ്ടപ്പോൾ മനസ്സിലായി, ചേട്ടന്മാർ ഒരുങ്ങി തന്നെയാണെന്ന്. പോർട്ട്ലെന്റ്, ബാത്ത് വെള്ളക്കല്ലുകളുടെ നിർമിതിയായ പള്ളി കെട്ടിടങ്ങൾക്കിടയിലൂടെ അവർ മുന്നിൽ നടന്നു തുടങ്ങി. ടൗണിന്റെ ഒത്ത നടുക്ക് ഇങ്ങനൊരു വഴിയുണ്ടായിരുന്നോ? വർഷങ്ങളായി ഡോർചെസ്റ്ററിലുള്ള സജി-വിജു-റോമി-സന്തോഷ് ചേട്ടന്മാർക്ക് ഈ വഴിയൊക്കെ എന്ത്!
അവിടെ നിന്ന് ചെന്നെത്തിയത് അരുവി പോലെ ഒഴുകുന്ന ഫ്രറോം നദിയുടെ വശങ്ങളിലേക്കാണ്. മീനുകൾ കുറയാനുള്ള കാരണങ്ങളെ പറ്റി ഈ നദിയിൽ നടന്നു വരുന്നൊരു ഗവേഷണത്തെ പറ്റി ഈയിടെ വായിച്ചിരുന്നു. (കാര്യം തുപ്പലംകൊത്തി മീനൊക്കെയാണ് കൂടുതൽ കിട്ടുന്നതെങ്കിലും, ഒരു ഒഴിവ് ദിവസം കിട്ടുമ്പഴേക്കും ചൂണ്ടയെടുത്ത് ഇറങ്ങുന്ന മലയാളി പരിഷകളെ ഗവേഷകർക്ക് അത്ര പരിചയമില്ലെന്ന് തോന്നുന്നു). അരുവിയുടെ വക്കുകളിൽ നിന്നും ഇരുന്നും കിടന്നും ക്യാമറ ചലിപ്പിച്ച റിന്റോയും മിഥുനും നമ്മുടെയൊക്കെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേയ്ക്ക് സംഭാവനകൾ നല്കുന്നുണ്ടായിരുന്നു.
ഫ്രറോമിന്റെ പാലത്തിൽ നിന്ന് പച്ചപ്പിന്റെ ലേശം ഇരുട്ടും തണുപ്പും ഉള്ള ഇടവഴിയിലേക്ക് കയറി. നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല, നമ്മുടെ നാട്ടിലെ തൊണ്ടുകളെ പോലെ ഭംഗിയുള്ള ഇടവഴികൾ ഇഷ്ടംപോലെയുണ്ട് ഡോർചെസ്റ്ററിൽ. (മുൾവേലികൾ കൊണ്ടൊക്കെ അതിരിടുന്ന ചെറിയ ഇടവഴികളെ ഞങ്ങളുടെ നാട്ടിൽ വിളിക്കുന്നത് തൊണ്ടുകൾ എന്നാണ്, നിങ്ങളുടെ നാട്ടിലും ആ പേര് തന്നെയാണോ?). രണ്ടു വശത്തുമുള്ള വീടുകളിൽ എന്നെയും ലക്ഷ്മിയെയും പോലെ ഇടിവെട്ട് ഒച്ചയിൽ വാദിക്കുന്ന ഭാര്യ-ഭർത്താക്കന്മാർ ഇല്ലെങ്കിൽ, വള്ളിച്ചെടികൾ വകഞ്ഞു മാറ്റി ഈ തൊണ്ടുകളിലൂടെ നടക്കുന്നത് കുളിർമയുള്ള അനുഭവമാണ്.


ടോപ്-ഒ’-ടൗൺ കാർ പാർക്കിൽ, നിന്ന് കൊണ്ടുതന്നെയുള്ള ചെറിയൊരു വിശ്രമത്തിനു ശേഷം, വല്യ ഒരു കയറ്റത്തിലേയ്ക്ക് എല്ലാവരും കാലെടുത്തുവച്ചു. ആ നീണ്ട കയറ്റത്തിനിടയ്ക്ക്, ഏത് സമയത്താണ് കൊച്ചിന് സൈക്കിൾ മേടിച്ചു കൊടുക്കാൻ തോന്നിയതെന്ന് ചിന്തിച്ചു റിജോ ഇടയ്ക്കിടയ്ക്ക് വിഷാദമഗ്നനായി നിൽക്കുന്നുണ്ടായിരുന്നു. പൗണ്ട്ബറി ലക്‌ഷ്യം വച്ച്, പുൽമേടുകളുടെ കയറ്റിറക്കങ്ങളിലൂടെയായി പിന്നെ നടത്തം. പാട്ട് പാടാൻ പറഞ്ഞപ്പോൾ, ഈയിടെ ഡോർചെസ്റ്ററിന്റെ ആസ്ഥാന ഗായികയായി മാറിയ എന്റെ ഫാര്യ, ഈ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇഷ്ടം പോലെ പാട്ടുകളുള്ള മലയാള ഭാഷയിൽ നിന്ന്, ഒരു ബന്ധവുമില്ലാത്ത വഞ്ചിപ്പാട്ട് പാടിയും ബാക്കിയുള്ളവരെകൊണ്ട് പാടിച്ചും ലേഖകന്റെ അഭിമാനം വാനോളം ഉയർത്തി.
നഗര രൂപകല്പനയുടെ നവസിദ്ധാന്തങ്ങൾ ഉൾകൊള്ളിച്ചു നടത്തത്തെയും പൊതുഗതാഗതത്തെയും പ്രോത്സാഹിപ്പിക്കാനായി നിർമ്മിക്കുന്നതാണത്രെ പൗണ്ട്ബറി. കാർ-ഫ്രീ സോണുകളായിരുന്നു ഉദ്ദേശം. എവിടെ?!! മനോഹരമായ കല്ല് വിരിച്ച പാതകളിലൂടെയും കാറുകൾ പായുന്നു. ഇവിടുത്തെ ബാസ്കറ്റ്ബാൾ കോർട്ടിൽ കളിയ്ക്കാൻ വരുമ്പോൾ ഞാനും ആ അനുസരണക്കേടിലേയ്ക്ക് എന്റേതായ സംഭാവനകൾ കാറോടിച്ച് നൽകാറുണ്ട്.
പൗണ്ട്ബറിയിൽ നിന്ന് നടന്നു സെ.മേരീസ് പള്ളിയുടെ ഹാളിലേയ്ക്ക് ചെല്ലുമ്പോൾ ഇംഗ്ലീഷ് ഭക്ഷണത്തിന്റെ സമൃദ്ധമായൊരു നിര. പലതരം സാൻഡ്‌വിച്ച്കളും ഡിപ്പുകളും ഒരു കോൺട്രാസ്റ്റിനായി നമ്മുടെ സ്വന്തം സംഭാരവും. “ഓ, ഇനി വീട്ടിൽ ചെന്ന് എന്ത് തിന്നാൻ ഉണ്ടാക്കും?” എന്ന് വിചാരിച്ചിരുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട സന്തോഷ് ചേട്ടന്റെയും ജോളി ചേച്ചിയുടെയും തലയ്ക്ക് ചുറ്റും വെള്ളിവലയം ഉണ്ടായിരുന്നെന്ന് പലരും സാക്ഷ്യം പറഞ്ഞു. ഡ്രൂ സംഭാരം എടുക്കുന്നത് കണ്ട ചിലർ “മോനെ, അതിനു നല്ല എരിവാണേ” എന്ന് മുന്നറിയിപ്പ് കൊടുത്തു, അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ മെക്സിക്കൻ അതിർത്തിയിൽ നിന്നുള്ള, സാമ്പാർപൊടി ഉണ്ടാക്കി “അല്ല, ഇതിലിപ്പോ ഞങ്ങളാണോ താങ്കളാണോ ശരിക്കും മലയാളി” എന്ന എന്നെകൊണ്ട് തോന്നിപ്പിച്ച, പയ്യന്റെ മുഖത്ത് ഇതൊക്കെ യെന്ത്? എന്ന ഭാവം മാത്രം.
ആകെ മൊത്തം രണ്ടു ലക്ഷത്തി അന്പതിനായിരത്തിൽ കൂടുതൽ ചുവടുകൾ വച്ച ഈ യാത്ര കഴിഞ്ഞപ്പോൾ തന്നെ അടുത്ത ആഴ്ചയിലേക്കുള്ള നടത്തക്കാരുടെ വാട്സാപ്പ് ലിസ്റ്റ് വളരാൻ തുടങ്ങിയിരുന്നു. ബ്ലൂബെൽ പൂക്കൾ പരവതാനി വിരിച്ച പഡ്ൽടൗൺ നടപ്പാതകൾ നമ്മൾക്കായി കാത്തിരിയ്ക്കുകയാണത്രെ!

നല്ല നിലവാരമുള്ള എഴുത്ത് ഈ യാത്രയിൽ ഞാനും കൂടെയുണ്ടായിരുന്നതുപോലെ തോന്നി..
നന്ദി അരവിന്ദ്
Beautiful writing ARAVIND…….ഇതിപ്പോ ആദ്യത്തെ രണ്ടുവരി വെറുതെ വായിച്ചേക്കാം എന്ന് കരുതി എത്തി നോക്കുന്നവർ പോലും കുത്തി ഇരുന്നു വയ്ച്ചു പോകും, അത്രക്കും മനോഹരമായ, കൃത്യമായ എഴുത്തു, ..പിന്നെ അന്ന് ഈ വഴി ഒപ്പം നടന്നവർ പോലും ഇന്നിപ്പോ ഇത് വായിക്കുമ്പോൾ ”ഓഹോ അതിപ്പോ ഇത്രക്കും മനോഹരമായിരുന്നുലെ എന്നോർത്ത് സന്തോഷിക്കും ”
well talented എഴുത്തുകാരനാണ് !!!……..അഭിനന്ദനങൾ .
Excellent 👌
Detailed explanation and it took me again to 20th of May. Felt very lively…good job👌👌👌